ഞാനിസം

  • books
  • താങ്ങാവുന്ന(താങ്ങ് ആവുന്ന ) വിദ്യാഭ്യാസം
  • മരുഭൂമികള്‍ ഉണ്ടാകുന്നത്................

Saturday, July 28, 2012

ഒപ്റ്റിമിസ്റ്റ്‌


ഞാന്‍ സ്നേഹിക്കുന്നു;
കറുത്ത മുടിയിഴകള്‍ക്കിടയിലെ
വെളുത്ത മുടിയിഴയെ,

നിഷ്കര്‍മ യുവത്വങ്ങല്‍ക്കിടയിലെ
കര്‍മനിരതമായ വാര്‍ദ്ധക്യത്തെ

ഞാന്‍ ഇഷ്ടപെടുന്നു;
തീവ്രവാദികള്‍ക്കിടയിലെ
മിതവാദിയെ

കാണാനെനിക്കിഷ്ടമാണ്;
കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയിലെ
ഹരിതവനത്തെ

ഞാന്‍ പ്രതീക്ഷിക്കുന്നു;
മിസൈലുകള്‍ക്കിടയിലും

ഒലീവിലയെ,

വെടിയൊച്ചകള്‍ക്കിടയിലെ
ശാന്തിമന്ത്രത്തെ,

ഞാന്‍ മാറോടു ചേര്‍ക്കുന്നു;

മുറിയുന്ന ബന്ധങ്ങള്‍ക്കിടയിലെ
സൗഹൃദങ്ങളുടെ ആത്മാര്‍ത്ഥതയെ,

കരിയുന്ന സ്വപ്‌നങ്ങള്‍ക്കിടയിലെ
ഇളം നാമ്പിനെ,

ഞാന്‍ തേടുന്നു;
കാമ്പസുകളുടെ നിര്‍ജീവതയിലും
സര്‍ഗാത്മക കാമ്പസിനെ,

എനിക്ക് അഹങ്കാരമുണ്ട്;
വന്‍കീഴടങ്ങലുകള്‍ക്കിടയിലെ
ചെറുപ്രതിരോധങ്ങളില്‍

ഞാന്‍ കൊതിക്കുന്നു;
ഈ അന്ധകാരത്തിനിടയിലേക്കൊരു
വെളിച്ചം വന്നെങ്കിലെന്നു,

ഇനിയും വറ്റാത്ത നീരുറവകളെ
കാത്തുകൊള്ളാന്‍,
അവയെ
മാറോടുചേര്‍ക്കാന്‍

Thursday, July 5, 2012

(അ)രാഷ്ട്രീയം!

ഏതോ വിഡ്ഢി പറഞ്ഞത്രേ ക്യാമ്പസുകള്‍ അരാഷ്ട്രീയവല്‍കരിക്കപ്പെട്ടെന്നു......
എന്താണാവോ അതിനുപിന്നിലെ ചേതോവികാരം.....?
ക്യാമ്പസ് ഇലക്ഷനടുക്കുമ്പോള്‍ സഹതാപ വോട്ടിനായി അകാരണമായി തല്ലുണ്ടാക്കി,
തങ്ങള്‍ക്കു ഗുരുതര പരിക്കേറ്റെന്നു നിലവിളിക്കുകയും,
'SAY NO TO RAGGING' എന്നു പോസ്റ്റര്‍ അടിയ്ക്കുന്നവര്‍ തന്നെ ക്രൂരമായി റാഗ് ചെയ്യുകയും,
'ലഹരിവിമുക്ത ക്യാമ്പസ്‌' എന്ന പോസ്റ്ററിന്‍റെ താഴെ തന്നെയിരുന്നു കുടിക്കുകയും കൂത്താടുകയും,
അനിശ്ചിതകാലത്തേക്ക് ക്യാമ്പസുകള്‍ അടച്ചിട്ടു വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കാറ്റില്‍ പറത്തുകയും,
'മത്സരിച്ചാല്‍ പിന്നെ തല കാണില്ല ' എന്നു ഭീക്ഷണിപ്പെടുത്തി എതിര്‍സ്ഥാനാര്‍ത്ഥിയെ ഇലക്ഷനു മുന്‍പേ തോല്‍പ്പിക്കുകയും,
തങ്ങളുടെതല്ലാത്ത വിദ്യാര്‍ത്ഥി നേതാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന 'സര്‍ഗാത്മക രാഷ്ട്രീയ'ത്തെ ആ വിഡ്ഢിയ്ക്കറിയില്ലേ?

"എന്താണ് രാഷ്ട്രീയം, എന്താണ് അരാഷ്ട്രീയം" ?

'ഇരയെ' തേടുന്നു.....

അറിഞ്ഞോ സുഹൃത്തുക്കളേ,............ 

അടിമകച്ചവടത്തേക്കാള്‍ വിചിത്രമായൊരു കച്ചവടം നടക്കുന്നുണ്ടിവിടെ;നാമും അതില്‍ പങ്കാളികളും.

തനിക്ക് വേണ്ട അടിമയെ(സൗന്ദര്യം,ആരോഗ്യം,പ്രായം,ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ )തിരഞ്ഞെടുക്കുന്ന ഉടമയാണല്ലോ അടിമകച്ചവടത്തില്‍.പണം നല്‍കി വാങ്ങുന്ന അടിമ ഉടമയെ സേവിക്കണം,ഉടമയാണ് അവിടെ കാര്യസ്ഥന്‍....

ഇനി ഈ വിചിത്ര കച്ചവടത്തെ കുറിച്ച് ചിലത് .....
പണം നല്‍കി വാങ്ങുന്ന അടിമയുടെ മേല്‍ ഉടമയ്ക്ക് അവകാശമോ അധികാരമോ ഇല്ല;വാങ്ങപെട്ട അടിമക്ക് ഉടമയുടെമേല്‍ അധികാരമുണ്ട് താനും.അടിമയാണ് ഉടമയെ select ചെയ്യുക,പ്രായം,സൗന്ദര്യം(തൊലി വെളുപ്പ്‌) ആരോഗ്യം,കുടുംബവരുമാനം എന്നിവയാണ് മാനദണ്ഡം.ഉടമക്ക് അടിമയെ വാങ്ങി കഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ അഭിപ്രായസ്വാതന്ത്രത്തിനോ അവകാശമില്ലത്രേ!
അടിമയുടെ എതിര്‍ലിംഗത്തിലേതായിരിക്കും ഉടമ.അടിമക്ക് ഉടമയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാം,ആരും ചോദ്യം ചെയ്യില്ല!
അടിമയാണ് കാര്യസ്ഥന്‍.ഉടമക്ക് അടിമയെ ചോദ്യം ചെയ്യാനോ തന്‍റെ സ്വത്ത് സംരക്ഷിക്കാനോ അവകാശമില്ല-എന്തിനു സ്വപ്നം കാണാന്‍ പോലും അവകാശമില്ലത്രേ.......!
നല്ല രസമുള്ള കച്ചവട മല്ലേ?
നിങ്ങളും ഉണ്ടോ ഈ കച്ചവടത്തിനു .............?

Sunday, July 1, 2012

ഞാന്‍ ഒരു പെണ്ണാണ്; ഫെമിനിസ്റ്റും




ഞാനെന്‍റെ സ്വത്വം തിരിച്ചറിഞ്ഞതപ്പോഴായിരുന്നു;
ഞാനെന്നെ തിരിച്ചറിഞ്ഞതും

അന്ന്:-
വിശന്നൊട്ടിയ 'തെരുവുതെണ്ടി'(?)
നീറ്റലായി മനസ്സില്‍ നിറഞ്ഞപ്പോള്‍

ദുസ്വപ്നമായെത്തി മാനം
കവരുന്ന പുരുഷനുമുന്നിലെ
നിസ്സഹായ സ്ത്രീത്വത്തെ
അറിഞ്ഞപ്പോള്‍

വൃദ്ധസദനം പോലും കനിയാത്ത
പേക്കോലങ്ങളെ കണ്ടപ്പോള്‍

അനാഥബാല്യങ്ങളെ കണ്ടു
കണ്ണുനിറഞ്ഞപ്പോള്‍

ഭരണകൂട ഭീകരവാദിയുടെ
തകര്‍ന്ന മാതാവിനെ കണ്ടനാള്‍


സ്വപ്നം തകര്‍ക്കുന്ന പാര്‍ട്ടിയുടെ
ജീവിക്കുന്ന രക്തസാക്ഷിയെ കണ്ടനാള്‍

നാലുകാലില്‍ നടക്കുന്ന
ഇരുകാലിയെ കണ്ടപ്പോള്‍
അവന്‍റെ കരഞ്ഞുതളര്‍ന്ന
സ്വപ്നം നഷ്ട്ടമായ
സഖിയേയും കുഞ്ഞിനേയും
കണ്ടനാള്‍

അങ്ങനെ....
അങ്ങനെ.....
അങ്ങനെ.....
ഞാന്‍ തിരിച്ചറിഞ്ഞു !
എന്‍റെ ഉള്ളിലെ മൃദുലമായ
ആ വികാരത്തെ -സ്ത്രീത്വത്തെ !

******




പിന്നെ ഇന്ന് ,

എന്‍റെ വാക്കുകളെക്കാള്‍ കൂടുതല്‍
എന്‍റെ ശരീരം ചര്‍ച്ച ചെയ്യപെട്ടപ്പോള്‍
ഞാന്‍ ഉറപ്പിച്ചു
ഞാനും ഒരു പെണ്ണാണെന്ന് !!

******

വീണ്ടും ഇന്ന്,

ആര്‍ത്തി കണ്ണുമായടുക്കുന്ന
പുരുഷ കോലങ്ങളെ കണ്ടപ്പോള്‍

നിലയ്ക്കാത്ത അസഭ്യങ്ങള്‍
എന്നെ തേടിയെത്തിയപ്പോള്‍

നിലയ്ക്കാത്ത പ്രണയാഭ്യര്‍ത്ഥനകളില്‍
തുടരുന്ന സൗന്ദര്യചര്‍ച്ചകളില്‍
ഓടിയടുക്കുന്ന വിമര്‍ശനങ്ങളില്‍

ഞാന്‍ കണ്ടു ;
ഞാന്‍ ആരെന്ന്‍
ഞ ...,ഞാ ....ഞാന്‍
അതെ !!
ഞാന്‍ ഒരു ഫെമിനിസ്റ്റാണ്!

വിവേചനങ്ങള്‍ എതിര്‍ക്കുന്ന
സമത്വം ഇഷ്ട്ടപെടുന്ന
സ്ത്രീത്വത്തെ മനസ്സിലാക്കുന്ന
എനിക്ക് അവര്‍ നല്‍കിയ പേര്-ഫെമിനിസ്റ്റ്‌ !!!